സിനിമാ മേഖലയിലെ അതിക്രമം; ലൊക്കേഷനുകളിൽ ആഭ്യന്തര സമിതി രൂപീകരിക്കുന്നു

സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ മലയാള സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കുന്നു.

കേരള ഫിലിം ചേംബർ, ലൊക്കേഷനുകളിൽ സമിതിയെ കുറിച്ചുള്ള അറിയിപ്പും നോട്ടീസ് പതിപ്പിക്കുന്നതിനുള്ള ഡിസൈനും ലോഗോയും ചലച്ചിത്ര നിർമാതാക്കൾക്ക് കൈമാറി. നോട്ടീസിൽ അഞ്ച് കമ്മറ്റി അംഗങ്ങളുടെ പേരുകളും പദവികളും ഫോൺ നമ്പറും ഉൾപ്പെടുത്തും. ലൊക്കേഷന് പുറത്തുനിന്നുള്ള നിഷ്പക്ഷ അംഗവും കമ്മറ്റിയിൽ അംഗമാകും.

ജൂണിൽ ഫിലിം ചേംബറിന്‍റെ നേതൃത്വത്തിൽ ചലച്ചിത്ര സംഘടനകൾ യോഗം ചേരുകയും പരാതി പരിഹാര സെൽ രൂപീകരിക്കാൻ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. സിനിമാ മേഖലയിലെ ഒൻപത് സംഘടനകളിൽ നിന്ന് മൂന്ന് അംഗങ്ങൾ വീതമാണ് സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.