‘പൊന്നിയിന്‍ സെല്‍വനും’ ‘ചുപ്പി’നും കാനഡയില്‍ ഭീഷണി

കാനഡ: കാനഡയില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ ഉടമകള്‍ക്കെതിരെ ഭീഷണി. മണിരത്നത്തിന്‍റെ എപിക്ക് പിരീഡ് ആക്ഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്‍, ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് ചിത്രം ചുപ്പ് എന്നിവ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകൾ അക്രമിക്കപ്പെടുമെന്ന് അജ്ഞാത സംഘങ്ങളുടെ ഭീഷണി. സെപ്റ്റംബർ 30ന് ഒരു ആഗോള റിലീസിന് പൊന്നിയിൻ സെൽവൻ തയ്യാറെടുക്കുമ്പോൾ, മറ്റ് എല്ലാ മാർക്കറ്റുകൾക്കൊപ്പം സെപ്റ്റംബർ 23ന് ചുപ്പ് കാനഡയിൽ റിലീസ് ചെയ്തു. കാനഡയിലെ ചിത്രത്തിന്‍റെ വിതരണക്കാരായ കെഡബ്ല്യു ടാക്കീസ് തിയേറ്റർ ഉടമകൾക്ക് ലഭിച്ച ചില ഇമെയിലുകൾ പുറത്തുവിട്ടിട്ടുണ്ട്.

ഹാമില്‍ട്ടണ്‍, കിച്ചന, ലണ്ടന്‍ എന്നിവിടങ്ങളിലുള്ള തിയറ്റര്‍ ഉടമകള്‍ക്കാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരിക്കുന്നതെന്ന് കെഡബ്ല്യു ടാക്കീസ് അറിയിക്കുന്നു. “കെഡബ്ല്യു ടാക്കീസ് വിതരണം ചെയ്ത പിഎസ് 1, ചുപ്പ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചാൽ സ്ക്രീനുകൾ നശിപ്പിക്കപ്പെടും, വിഷവാതകം ഉപയോഗിക്കും, ജീവനക്കാർ ആശുപത്രിയിൽ ആകുമെന്നും,” മെയിലിൽ പറയുന്നു. ഇന്ത്യൻ സിനിമകൾ മാത്രമല്ല, കെഡബ്ല്യു ടാക്കീസ് വിതരണം ചെയ്യുന്ന ഇംഗ്ലീഷ് സിനിമകൾക്കും സമാനമായ പ്രതികരണം നേരിടേണ്ടി വരുമെന്നും ഇത് ഒരു മുന്നറിയിപ്പ് മാത്രമാണെന്നും സന്ദേശത്തിൽ പറയുന്നു.

കാനഡയിൽ ഇതാദ്യമായല്ല ഇന്ത്യൻ സിനിമകൾക്ക് ഭീഷണിയുണ്ടാവുന്നത്. ദുൽഖർ സൽമാൻ ടൈറ്റിൽ റോളിൽ അഭിനയിച്ച കുറുപ്പിനും സമാനമായ സാഹചര്യമാണ് നേരിടേണ്ടി വന്നത്. എന്നാൽ ഇത് സന്ദേശത്തിൽ മാത്രം ഒതുങ്ങി നിന്നില്ല. റിച്ച്മണ്ട് ഹില്ലിലും ഓക്ക് വില്ലിലുമടക്കമുള്ള നാല് തിയറ്റര്‍ സ്ക്രീനുകള്‍ അക്രമികള്‍ അന്ന് നശിപ്പിച്ചിരുന്നു.