പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല, കേരള സർവകലാശാല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളെ (വെള്ളിയാഴ്ച) നടത്താനിരുന്ന പി.എസ്.സി പരീക്ഷകളിൽ മാറ്റമില്ല. അതേസമയം, കേരള സർവകലാശാല നാളെ (22.09.2022) നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവ വോസ്) മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും.

ദേശീയ, സംസ്ഥാന നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് നാളെ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തത്. ദേശീയ, സംസ്ഥാന നേതാക്കളെ അന്യായമായി എൻ.ഐ.എ അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വിമതശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള ആർഎസ്എസ് നിയന്ത്രണത്തിലുള്ള ഫാസിസ്റ്റ് സർക്കാരിന്റ്റെ ഭരണകൂട വേട്ടയാടലിനെതിരെ വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്ന് സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.  

പതിനെട്ട് പാർട്ടി ദേശീയ, സംസ്ഥാന നേതാക്കളെ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് അറസ്റ്റിലായത്. ഇതിൽ എട്ടുപേരെ ഡൽഹിയിലേക്ക് കൊണ്ടുപോയി. 10 പേരുടെ അറസ്റ്റ് കൊച്ചിയിലെ എൻ.ഐ.എ യൂണിറ്റ് രേഖപ്പെടുത്തി. ഇവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. കേരളത്തിൽ നടത്തിയ റെയ്ഡിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇതാദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഒഎംഎ സലാം ദേശീയ പ്രസിഡന്‍റ് (മലപ്പുറം), സൈനുദ്ദീൻ ഇടുക്കി ജില്ലാ സെക്രട്ടറി, നസറുദ്ദീൻ എളമരം ദേശീയ സെക്രട്ടറി (വാഴക്കാട്), മുഹമ്മദ് ബഷീർ സംസ്ഥാന പ്രസിഡന്‍റ്, (തിരുവനന്തപുരം), സാദിഖ് മുഹമ്മദ് പത്തനംതിട്ട ജില്ലാ സെക്രട്ടറി, നജിമുദ്ദീൻ മുണ്ടക്കയം, പി കോയ കോഴിക്കോട്, അബ്ദുൾ റഹ്മാൻ കളമശ്ശേരി ദേശീയ വൈസ് പ്രസിഡന്‍റ്, മുഹമ്മദലി ജിന്ന തമിഴ്നാട് സ്വദേശി, മുഹമ്മദ് ഷാഹിദ് എന്നിവരാണ് കോട്ടയത്ത് നിന്ന് അറസ്റ്റിലായത്.