രാഹുൽ ഗാന്ധി വാക്ക് പാലിച്ചു! വിദ്യാർത്ഥിനികൾക്കൊപ്പം ഹെലികോപ്റ്റർ യാത്ര

കോട്ട: വ്യോമ യാത്ര എന്ന വിദ്യാർത്ഥിനികളുടെ ആഗ്രഹം സാധിച്ചു നൽകാമെന്ന വാക്ക് പാലിച്ചിരിക്കുകയാണ് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ മൂന്ന് വിദ്യാർത്ഥിനികൾക്ക് നൽകിയ ഉറപ്പാണ് അദ്ദേഹം വ്യാഴാഴ്ച പാലിച്ചത്. 20 മിനിറ്റോളം വിദ്യാർത്ഥിനികൾ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തു.

നവംബർ 29ന് മധ്യപ്രദേശിലെ ഉജ്ജയിനിയിൽ വെച്ച് വിദ്യാർത്ഥിനികൾക്ക് ആകാശയാത്രക്ക് അവസരമൊരുക്കുമെന്ന് ഭാരത്‌ ജോഡോ യാത്രക്കിടെ നൽകിയ വാഗ്ദാനമാണ് 10 ദിവസത്തിനകം അദ്ദേഹം പാലിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെത്തിയപ്പോൾ അദ്ദേഹം വിദ്യാർത്ഥിനികളെ വ്യോമ യാത്രക്ക് ക്ഷണിച്ചു.

ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന നിമിഷങ്ങളാണ് രാഹുൽ ഗാന്ധിയോടൊപ്പമുള്ള സ്വപ്നയാത്രയിലൂടെ തങ്ങൾക്ക് ലഭിച്ചതെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു.