ഫ്രാങ്ക്ഫർട്ടിനെ തകർത്ത് യുവേഫ സൂപ്പർ കപ്പ് നേടി റയൽ മാഡ്രിഡ്

യുവേഫ സൂപ്പർ കപ്പ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് നേടി. യൂറോപ്പ ലീഗ് ചാമ്പ്യൻമാരായ ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് കിരീടം ചൂടിയത്. ഡേവിഡ് അലാബ, കരീം ബെൻസേമ എന്നിവരാണ് സ്കോറർമാർ. റയൽ മാഡ്രിഡിന്‍റെ നാലാം യുവേഫ സൂപ്പർ കപ്പ് കിരീടമാണിത്. ഇതോടെ പുതിയ സീസൺ കിരീടത്തോടെ ആരംഭിക്കാൻ റയലിന് സാധിച്ചു.

ഫ്രാങ്ക്ഫർട്ട് നന്നായാണ് കളി തുടങ്ങിയത്. എന്നാൽ ഗോൾകീപ്പർ തിബോ കോർട്ട്വായുടെ മിന്നൽ സേവുകൾ റയലിനെ രക്ഷിച്ചു. പതുക്കെപ്പതുക്കെ റയൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 37-ാം മിനിറ്റിൽ റയൽ അലാബയിലൂടെ ആദ്യ ഗോൾ നേടി. കോർണറിൽ നിന്നാണ് ഗോൾ പിറന്നത്. 65-ാം മിനിറ്റിൽ വിനീഷ്യസിന്‍റെ പാസിൽ നിന്ന് ബെൻസേമയാണ് റയലിന്‍റെ രണ്ടാം ഗോൾ നേടിയത്.