കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട : കർക്കടക മാസപൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. ഗണപതി, നാഗർ തുടങ്ങിയ ഉപദേവതാ ക്ഷേത്രങ്ങളും തുറന്നു. തുടർന്ന് ശാന്തി പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ തീ കൊളുത്തി.

ശബരീശ നട തുറന്നശേഷം മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപം തെളിച്ചു. രാത്രി 10-ന് ഹരിവരാസനം പാടി നട അടയ്ക്കും. 21 വരെയാണ് ക്ഷേത്രം തുറക്കുക. അയ്യപ്പഭക്തർക്ക് വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ദർശനത്തിന് എത്താം. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കർക്കടകം ഒന്നായ നാളെ രാവിലെ 5 മണിക്ക് നട തുറക്കും. തുടർന്ന് പതിവ് അഭിഷേകം, നെയ്യഭിഷേകം, ഗണപതിഹോമം, മറ്റ് പൂജകൾ എന്നിവ നടക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറക്കുന്ന 5 ദിവസങ്ങളിലും നടക്കും. പൂജകൾ പൂർത്തിയാക്കിയ ശേഷം 21-ന് രാത്രി 10-ന് ഹരിവരാസനംപടി നട അടയ്ക്കും.