‘സൗദി വെള്ളക്ക’ സോണി ലിവിലൂടെ ജനുവരി ആറിന് എത്തും

തരുൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. ഡിസംബർ രണ്ടിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. സോണി ലിവിൽ ചിത്രം ജനുവരി ആറിന് പ്രദർശനം ആരംഭിക്കും.

ഓപ്പറേഷന്‍ ജാവ എന്ന അരങ്ങേറ്റ ചിത്രത്തിന്‍റെ വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണിത്. ഒരു കേസിനെ ആസ്പദമാക്കിയുള്ള സംഭവ കഥയാണ് ചിത്രം പറയുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമ്മിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾക്ക് ശേഷം ഉർവശി തിയറ്റേഴ്സിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.