സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ ശക്തമായ തണുപ്പ് അനുഭവപ്പെട്ടേക്കും
റിയാദ്: സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും ഇന്ന് മുതൽ കടുത്ത തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും താപനില ഗണ്യമായി കുറയുമെന്നും പല സ്ഥലങ്ങളിലും തണുപ്പ് പൂജ്യം ഡിഗ്രിയിലെത്തുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു.
തബൂക്ക്, അൽ ജൗഫ്, ഹെയിൽ, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ താപനില പൂജ്യത്തിനും അഞ്ച് ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തണുപ്പ് ഖാസിമിലേക്കും കിഴക്കൻ മേഖലയിലേക്കും വ്യാപിക്കുമെന്നും താപനില അഞ്ച് ഡിഗ്രി മുതൽ ഒമ്പത് ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും പ്രതീക്ഷിക്കുന്നു.
അതേസമയം, മഞ്ഞുവീഴ്ച രൂക്ഷമായതോടെ വടക്കൻ മേഖലയിലും തബൂക്കിലും താപനില ഗണ്യമായി കുറഞ്ഞു. മഞ്ഞുമൂടിയ ജെബൽ അൽ ലൗസ് കാണാനും ആസ്വദിക്കാനുമായി നിരവധി വിനോദസഞ്ചാരികൾ എല്ലാ ദിവസവും ഇവിടെ എത്തുന്നുണ്ട്.