ഹീരാ ഫ്ലാറ്റ് വിവാദം; ഫ്ലാറ്റ് ഒഴിയേണ്ടതില്ല, യുവതികള്‍ക്ക് ഉടമയുടെ പിന്തുണ

തിരുവനന്തപുരം: അവിവാഹിതരായ താമസക്കാർ രണ്ട് മാസത്തിനകം ഫ്ലാറ്റ് ഒഴിയാൻ നിര്‍ദ്ദേശം നൽകിയ സംഭവത്തിൽ യുവതികള്‍ക്ക് പിന്തുണയുമായി ഉടമ. ഫ്ലാറ്റ് ഒഴിയേണ്ടെന്ന് ഉടമ പറഞ്ഞു. താമസക്കാരായ ഗോപികയോടും ദുർഗ്ഗയോടും ഒഴിയേണ്ടതില്ലെന്നാണ് ഫ്ലാറ്റ് ഉടമ പറഞ്ഞത്. സദാചാര പ്രശ്‌നമുയര്‍ത്തി ഹീര ഫ്ലാറ്റ് അസോസിയേഷൻ പുറത്തിറക്കിയ സർക്കുലർ വിവാദമായിരുന്നു.

അതേസമയം, നടപടികളിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിലാണ് അസോസിയേഷൻ. ഇറക്കിയ സർക്കുലർ അവർ പിന്‍വലിച്ചിട്ടില്ല. അവിവാഹിതരായ യുവതികളുടെ ഫ്‌ളാറ്റിൽ യുവാക്കളും, യുവാക്കളുടെ ഫ്‌ളാറ്റില്‍ യുവതികളും വരുന്നത് അസോസിയേഷൻ വിലക്കിയിരുന്നു.

സ്ഥലം മടുത്തുവെന്നും മാറിത്താമസിക്കാൻ തയ്യാറാണെന്നും കഴിഞ്ഞ ദിവസം യുവതികൾ പറഞ്ഞിരുന്നു. സദാചാര ഗുണ്ടായിസത്തിനെതിരെ പരാതി നൽകുമെന്ന് ഇവർ പറയുന്നു. ഗോപികയുടെ കുടുംബം സ്ഥലത്തെത്തിയിട്ടുണ്ട്. നിയമപരമായി മുന്നോട്ട് പോകണമോ എന്ന കാര്യത്തിൽ ഇവരുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കും.