കാലാവസ്ഥ പ്രശ്നങ്ങളിൽ മൗനം; സർക്കാരിനെതിരെ കോടതിയിൽ പരാതി നൽകി ഗ്രെറ്റ തുൻബെ 

സ്റ്റോക്ക്ഹോം: കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സ്വീഡൻ മൗനം പാലിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെ. ഗ്രെറ്റ തുൻബെ ഉൾപ്പെടെ 600 ലധികം യുവജനങ്ങള്‍ ഭരണകൂടത്തിന്‍റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ സ്റ്റോക്ക്ഹോം ജില്ലാ കോടതിയിൽ പരാതി നൽകി. രാജ്യത്ത് ആദ്യമായാണ് കാലാവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിനെതിരെ പൊതു കേസ് ഫയൽ ചെയ്യുന്നത്.

സ്റ്റോക്ക്ഹോം ജില്ലാ കോടതിയിൽ പ്രതിഷേധ പ്രകടനങ്ങൾക്ക് ശേഷം പ്രതീകാത്മകമായാണ് വെള്ളിയാഴ്ച പരാതി നൽകിയത്. രാജ്യതലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ മറ്റൊരു കോടതിയിൽ ഓൺലൈനായി പരാതി നൽകിയിരുന്നു.

കാലാവസ്ഥാ പ്രതിസന്ധി ആശങ്കാജനകമാണെന്നും അത് നമ്മെ ദുരന്തത്തിലേക്ക് തള്ളിവിടാൻ പ്രാപ്തമാണെന്നും പരാതിക്കാരിൽ ഒരാളായ 19-കാരി മോവ വിഡ്മാർക്ക് പറഞ്ഞു.