തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേ വാര്‍ഡില്‍ വിഷ പാമ്പ്; കൂട്ടിരിപ്പിന് വന്ന സ്ത്രീക്ക് കടിയേറ്റു

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാര്‍ഡില്‍ രോഗിക്ക് ഒപ്പം വന്ന സ്ത്രീക്ക് പാമ്പു കടിയേറ്റു. പാമ്പ് കടിയേറ്റ ചെമ്പേരി സ്വദേശി ലത(55)യെ പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം.

പാമ്പ് കടിച്ച ഉടന്‍ തന്നെ മനസിലായതിനാല്‍ വേഗത്തില്‍ ചികിത്സ നല്‍കാനായി. മകളുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. താലൂക്ക് ആശുപത്രിക്ക് സമീപം കാട് മൂടിക്കിടക്കുന്ന പ്രദേശങ്ങളുണ്ട്. ഇവിടെ നിന്നും അണലി കയറിയതാകാം എന്നാണ് പ്രാഥമിക നിഗമനം.

നിലവില്‍ ഇവരുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാണ് പാമ്പെന്നാണ് നിരീക്ഷണം. ലത അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്.