‘സൊനാലിക്ക് നിര്‍ബന്ധിച്ച് മയക്കുമരുന്ന് നല്‍കി’; സഹായികളുടെ വെളിപ്പെടുത്തല്‍

പനാജി: ദുരൂഹ സാഹചര്യത്തില്‍ ഗോവയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട നടിയും ഹരിയാണയിലെ ബി.ജെ.പി. നേതാവുമായ സൊനാലി ഫൊഗട്ടിന് സഹായികള്‍ നിര്‍ബന്ധിച്ച് മയക്ക് മരുന്ന് നല്‍കിയെന്ന് പോലീസ്. മരണവുമായി ബന്ധപ്പെട്ട് ഇവരുടെ രണ്ട് സഹായികളെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ചോദ്യം ചെയ്യലിലാണ് മയക്കുമരുന്ന് നൽകിയതായി വ്യക്തമായത്.

സൊനാലിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് സുധീർ സാങ്വാൻ, സുഹൃത്ത് സുഖ്വീന്ദർ വാസി എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വ്യാഴാഴ്ച നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയിൽ സൊനാലിയുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു.

സുധീറും സുഖ്വീന്ദറും ചേർന്ന് സൊനാലിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സഹോദരൻ റിങ്കു ഢാക്ക പരാതി നൽകിയിരുന്നു. തുടർന്നാണ് കൊലക്കുറ്റത്തിന് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നായിരുന്നു പോലീസിന്റെ ആദ്യനിലപാട്.