അധ്യാപകന്‍ പിടിച്ചുതള്ളിയ വിദ്യാര്‍ഥിക്ക് നട്ടെല്ലിന് പരിക്ക്; പരാതി നൽകിയിട്ടും നടപടിയില്ല

തിരുവനന്തപുരം: അധ്യാപകന്‍ പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് ബെഞ്ചിലിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിൽ. നോട്ട് എഴുതാത്തതിനാണ് വിദ്യാര്‍ഥിയെ ഷര്‍ട്ടില്‍ പിടിച്ച് തള്ളിയത്.

നവംബർ 16ന് വെഞ്ഞാറമൂട് പാറയ്ക്കൽ സര്‍ക്കാര്‍ യു.പി. സ്‌കൂളിലാണ് സംഭവം. അധ്യാപകന്‍ അമീർ ഖാനെതിരെ വെഞ്ഞാറമൂട് പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.

പാറയ്ക്കൽ മൂളയം സ്വദേശിയായ ആറാം ക്ലാസ് വിദ്യാർത്ഥിയെ നോട്ട് എഴുതാതെ ക്ലാസില്‍ വന്നതിന് അമീര്‍ ഖാന്‍ ഷര്‍ട്ടില്‍ തൂക്കി ബെഞ്ചിലേക്ക് എറിയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വീഴ്ചയിൽ നട്ടെല്ല് ബെഞ്ചിന്‍റെ അഗ്രത്തില്‍ ഇടിച്ചതായി കുട്ടിയുടെ അമ്മ പറഞ്ഞു.