കാബൂളിലെ പാർക്കുകളിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി താലിബാൻ

കാബൂൾ : കാബൂളിലെ പാർക്കുകളിൽ സ്ത്രീകൾക്ക് താലിബാൻ വിലക്കേർപ്പെടുത്തി. കാബൂളിലെ എല്ലാ പാർക്കുകളിലും സ്ത്രീകൾക്ക് താലിബാൻ വിലക്കേർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. വൈസ് ആൻഡ് വെർച്യൂ മന്ത്രാലയത്തിന്‍റെ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. 

പാർക്കുകളിൽ ഇസ്ലാമിക നിയമങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ആരോപിച്ചാണ് ഇവിടെ സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം സ്ത്രീകളുടെ അവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കപ്പെടുകയാണ്. 

താലിബാൻ ഭരണത്തിന് കീഴിൽ, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്ത്രീകൾക്ക് പാർക്ക് സന്ദർശിക്കാൻ അനുവാദമുണ്ടായിരുന്നു. പുരുഷൻമാർക്ക് ബാക്കിയുള്ള ദിവസങ്ങളിൽ സന്ദർശിക്കാനും കഴിയും. എന്നാൽ ഇപ്പോൾ പുരുഷൻമാർ കൂടെയുണ്ടെങ്കിൽ പോലും സ്ത്രീകൾക്ക് പാർക്കിൽ പോകുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.