നിരാലംബരായ വിദ്യാർത്ഥിനികൾക്ക് വീട് വെച്ച് നൽകി അധ്യാപക സംഘടന

ചോർന്നൊലിക്കുന്ന വീട്ടിൽ ഇനി അവർക്ക് മഴവെള്ളത്തിൽ ഉറങ്ങേണ്ട. അടച്ചുറപ്പുള്ള വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് സഹോദരിമാരായ വിദ്യാർത്ഥിനികൾ. കല്ലറ വി.എച്ച്.എസ്.എസിലെ നാലിലും എട്ടിലും പഠിക്കുന്ന വിദ്യാർത്ഥിനികൾക്കാണ് കെ.എസ്.ടി.എ വീട് വെച്ച് നൽകിയിരിക്കുന്നത്.

പാനോട് പഞ്ചായത്തിലെ തച്ചോണം കുളമാൻകുഴിയിലാണ് ഇവരുടെ താമസം. അമ്മ നേരത്തേ മരിച്ചതോടെ മുത്തച്ഛന്റെയും, മുത്തശ്ശിയുടെയും സംരക്ഷണത്തിലാണ് കുട്ടികൾ കഴിഞ്ഞിരുന്നത്. സുമനസ്സുകളുടെ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ടായിരുന്നു.

‘കുട്ടിക്കൊരു വീട് അധ്യാപകരുടെ സ്നേഹ സമ്മാനം’ എന്ന പദ്ധതിയിലൂടെ കെ.എസ്.ടി.എ പാലോട് ഉപജില്ലാ കമ്മിറ്റിയാണ് വീട് നിർമ്മാണത്തിന് മുൻകൈ എടുത്തത്. 8 ലക്ഷം രൂപ സമാഹരിച്ച് രണ്ട് മുറികൾ, ഒരു ഹാൾ, അടുക്കള, എന്നിങ്ങനെ 496 സ്ക്വയർ ഫീറ്റിന്റെ അതിമനോഹരമായ വീടാണ് അധ്യാപകരുടെ സമ്മാനം. കല്ലറ വി.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ എം.എൽ.എ ഡി.സി മുരളി താക്കോൽ ദാനം നിർവഹിച്ചു.