സംസ്ഥാനത്ത് കൊടും ചൂട്, അസ്വസ്ഥമാക്കുന്ന കാലാവസ്ഥ

മലയോര മേഖലകളിൽ ഒഴികെ സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന ചൂടിനും അസ്വസ്ഥത ഉളവാക്കുന്ന കാലാവസ്ഥയ്ക്കും സാദ്ധ്യത ഉണ്ട്.

രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്ന് കേരളമാണ്. ഇന്നും നാളെയും കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. തുടർച്ചയായ രണ്ടാം ദിവസവും കോട്ടയത്ത് സാധാരണയെക്കാൾ നാല് ഡിഗ്രി ചൂട് കൂടുതലാണ്. ഈ വേനൽക്കാലത്ത് സംസ്ഥാനത്ത് പെട്ടെന്ന് ചൂട് കൂടുതൽ അനുഭവപ്പെട്ടതും ഇവിടെയാണ്.

ഇതിനുപുറമെ പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിൽ ആണ് ശരാശരി ഉയർന്ന താപനില രേഖപ്പെടുത്തിയത്. രാത്രിയിലും താപനില വലിയ തോതിൽ കുറവ് അനുഭവപ്പെടുന്നില്ല. ഉയർന്ന താപനിലയും ഈർപ്പവുമുള്ള വായുവും കാരണം ഈ ജില്ലകളിൽ ചൂടിന്റെ കാഠിന്യം കൂടുതലായിരിക്കും.

ജാഗ്രതാ നിർദ്ദേശം

*പകൽ 11മുതൽ 3വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക
*ദാഹമില്ലെങ്കിലും ഇളംചൂട് വെള്ളം ധാരാളമായി കുടിക്കുക.

  • മദ്യം,കാപ്പി,ചായ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ ഒഴിവാക്കുക.

*അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

*പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക
*പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക

  • ഓ ആർ എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക

സംസ്ഥാനത്ത് ഇതുവരെ 1.4മില്ലിമീറ്റർ വേനൽ മഴയാണ് കിട്ടിയത്. 18 എം.എം ലഭിക്കേണ്ട സ്ഥാനത്താണിത്. ഇന്നും നാളെയും തെക്കൻജില്ലകളിൽ ഒറ്റപ്പെട്ട വേനൽമഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ ഇന്നും തൃശ്ശൂർ,എറണാകുളം,ഇടുക്കി, കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ നാളെയും വേനൽമഴയ്ക്കിടയുണ്ട്.