വി.എസ്.എസ്.സി.യിലെ ട്രൈസോണിക് വിന്‍ഡ് ടണലിന്റെ ആദ്യപരീക്ഷണം വിജയകരമായി പൂർത്തിയാക്കി

തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്‍ററിൽ സ്ഥാപിച്ച ട്രൈസോണിക് വിൻഡ് ടണലിന്‍റെ ആദ്യ ‘ബ്ലോ ഡൗൺ’ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. റോക്കറ്റുകളുടെയും പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകങ്ങളുടെയും എയറോഡൈനാമിക് രൂപകൽപ്പന പരിശോധിക്കുന്നതിനും അവയിൽ അനുഭവപ്പെടുന്ന ഭാരത്തിന്‍റെ വിതരണം, സമ്മർദ്ദം മുതലായവ വിലയിരുത്തുന്നതിനും ട്രൈസോണിക് വിൻഡ് ടണൽ ഉപയോഗിക്കുന്നു. വിഎസ്എസ്സിയിലെ ട്രൈസോണിക് തുരങ്കത്തിന് 160 മീറ്റർ നീളവും പരമാവധി വ്യാസം 5.4 മീറ്ററുമാണ്.

ബഹിരാകാശ വാഹനങ്ങളുടെ വിക്ഷേപണ വേളയിൽ മൂന്ന് സ്പീഡ് റേഞ്ചുകളിൽ വിവിധ പരീക്ഷണങ്ങൾക്ക് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയും. ശബ്ദത്തിന്റെ വേഗത്തിന് താഴെ, ശബ്ദത്തിന്റെ വേഗത്തില്‍, ശബ്ദത്തിന്റെ വേഗത്തിനു മുകളില്‍ എന്നീ പരിധികളില്‍ പരീക്ഷണം നടത്താം. ശബ്ദത്തിന്റെ 0.2 മടങ്ങ് വേഗത്തില്‍നിന്ന് ശബ്ദത്തിന്റെ നാലുമടങ്ങുവരെയുള്ള വേഗപരിധിയില്‍ പരിശോധനകള്‍ നടത്താന്‍ ഈ ടണല്‍ ഉപയോഗിക്കാം.

വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ, എൽ.പി.എസ്.സി ഡയറക്ടർ ഡോ.വി.നാരായണൻ, ഐ.ഐ.എസ്.യു ഡയറക്ടർ ഡോ.സാം ദയാല ദേവ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്.സോമനാഥ് സ്വിച്ച് ഓണ്‍ ചെയ്തു.