മോൻസൻ കേസ്; തട്ടിപ്പിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

മോൻസൻ മാവുങ്കലിന്‍റെ തട്ടിപ്പിൽ ഐജി ജി ലക്ഷ്മൺ ഉൾപ്പെടെയുള്ള ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെതിരായ ആരോപണങ്ങളിലെ അന്വേഷണവും കോടതി പരിശോധിക്കും. ജസ്റ്റിസ് എ.എ സിയാദ് റഹ്മാൻ്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയിൽ നിന്ന് അന്വേഷണം കൈമാറണമെന്നും ഡി.ജി.പിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഷമീർ എം.ടി. സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. മോൻസൻ മാവുങ്കലിന്‍റെ തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഐ.ജി. ജി.ലക്ഷ്മൺ , മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രൻ , സി.ഐ.എ അനന്തലാൽ , എസ്.ഐ എ.ബി. വിബിൻ, മുൻ സി.ഐ പി ശ്രീകുമാർ എന്നിവർക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ സ്റ്റേറ്റ്‌മെന്റിൽ പറയുന്നു. മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രനും കുടുംബത്തിനും മോൻസൺ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും തട്ടിപ്പ് കേസിൽ പ്രതിയാക്കാനുള്ള തെളിവൊന്നും ഉണ്ടായിരുന്നില്ല. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിന് കൈമാറിയെന്ന അനൂപിന്‍റെ പരാതിയിൽ അന്വേഷണം തുടരുകയാണ്. കെ സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ചും അറിയിച്ചിട്ടുണ്ട്.