വിദേശ വനിതയുടെ കൊലപാതകം; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികളായ ഉമേഷും ഉദയകുമാറും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, ബലാത്സംഗം, ലഹരി ഉപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പ്രതികൾ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്ന് കോടതി ചോദിച്ചിരുന്നു. ജീവിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ പ്രതികൾ ആദ്യം കുറ്റബോധം ഉണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞു. പ്രായം കണക്കിലെടുത്ത് ശിക്ഷയ്ക്ക് പരമാവധി ഇളവ് നൽകണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ പ്രതികൾക്ക് പരമാവധി വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതാദ്യമായല്ല കേരളത്തിൽ ഒരു വിദേശ വനിത ആക്രമിക്കപ്പെടുന്നത്. എന്നാൽ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത് അപൂർവ്വമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.

ലാത്വിയൻ യുവതിയായ ലിഗ ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയതായിരുന്നു. 2018 മാർച്ച് 14നാണ് പോത്തൻകോട് നിന്ന് ഇവരെ കാണാതായത്. 35 ദിവസത്തിന് ശേഷമാണ് കോവളത്തിനടുത്തുള്ള പൊന്തക്കാട്ടിൽ നിന്ന് നിന്ന് അഴുകിയ മൃതദേഹം കണ്ടെത്തിയത്.