വീടിന് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: വീടിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ പ്രതികരണവുമായി ആനാവൂർ നാഗപ്പൻ. എല്ലാം മുതിർന്ന ബി.ജെ.പി നേതാക്കളുടെ അറിവോടെയാണ്. പാർട്ടി പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴരുതെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. ആക്രമണങ്ങൾ വനിതാ കൗൺസിലറെ ആക്രമിച്ചതിൻ്റെ ജാള്യത മറയ്ക്കാനാണ്. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചവർ ആറ്റുകാൽ ക്ഷേത്രത്തിലെ ആശുപത്രിയിലാണ് കഴിഞ്ഞത്. ആശുപത്രിയുടെ നിയന്ത്രണം ബി.ജെ.പിയുടെ കൈകളിലാണ്. ക്ഷേത്രക്കമ്മിറ്റിയെപ്പോലും തെറ്റിദ്ധരിപ്പിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു. ജില്ലയിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രകോപനമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ആനാവൂർ നാഗപ്പൻ പ്രതികരിച്ചു.

അതേസമയം, ആനാവൂർ നാഗപ്പന്‍റെ വീടിന് നേരെയുണ്ടായ കല്ലേറിൽ പ്രതികരണവുമായി ഇ പി ജയരാജൻ രംഗത്തെത്തി. ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ തുടർച്ചയാണ് വീടിന് നേരെയുണ്ടായ കല്ലേറ്. അക്രമം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.