ഖാർഗെ-തരൂർ പോരാട്ടത്തിന്റെ വിധിയെഴുത്ത് ഇന്ന്; കോൺഗ്രസ് അധ്യക്ഷനെ ബുധനാഴ്ച അറിയാം

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണ് പോരാട്ടം. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. എ.ഐ.സി.സിയിലും പി.സി.സിയിലുമായി 67 ബൂത്തുകളും ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്. 9308 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

ബാലറ്റ് പേപ്പറിൽ മല്ലികാർജുൻ ഖാർഗെയുടെ പേര് ഒന്നാമതും തരൂരിന്റെ പേര് രണ്ടാമതുമാണ്. ഖാർഗെ കർണാടകയിലും തരൂർ കേരളത്തിലും വോട്ട് രേഖപെടുത്തും. വോട്ടെടുപ്പിന് ശേഷം ബാലറ്റ് പെട്ടികൾ ഡൽഹിയിൽ എത്തിക്കും. ബുധനാഴ്ച വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കും. ആത്മവിശ്വാസമുണ്ടെന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. കോൺഗ്രസിൽ മാറ്റം ആഗ്രഹിക്കുന്നവർ തനിക്ക് വോട്ട് ചെയ്യുമെന്ന് തരൂർ വ്യക്തമാക്കി.

രണ്ട് പതിറ്റാണ്ടിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. ഔദ്യോഗിക സ്ഥാനാർത്ഥിയെ കണ്ടെത്താൻ തുടക്കം മുതൽ അരങ്ങേറിയത് നാടകീയ നീക്കങ്ങളായിരുന്നു. വിശ്വസ്തനായ അശോക് ഗെഹ്ലോട്ടിന് സ്ഥാനം കൈമാറാൻ ശ്രമിച്ചെങ്കിലും രാജസ്ഥാൻ വിട്ട് കളിക്കാൻ ഗെഹ്ലോട്ട് തയ്യാറായില്ല. ഒടുവിൽ 80 കാരനായ മല്ലികാർജുൻ ഖാർഗെയ്ക്ക് നറുക്ക് വീണു. ഗാന്ധി കുടുംബത്തിൽ നിന്നല്ലാതെ മറ്റാര് നിന്നാലും മത്സരിക്കുമെന്ന് തരൂരും പ്രഖ്യാപിച്ചു. മല്ലികാർജുൻ ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയല്ലെന്ന് നേതൃത്വം ആവർത്തിച്ചെങ്കിലും പാർട്ടി സംവിധാനങ്ങൾ ഒന്നടങ്കം ഖാർഗെയ്ക്ക് പിന്നിൽ അണിനിരക്കുന്നതാണ് പിന്നീട് കണ്ടത്.