ചാൻസലർക്ക് വിസിയെ പിരിച്ചുവിടാൻ സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയില്ല: മുഖ്യമന്ത്രി

പാലക്കാട്: ഒമ്പത് സർവകലാശാലകളിലെ വി.സിമാർ രാജിവെക്കണമെന്ന ഗവർണറുടെ നിർദ്ദേശം മുഖ്യമന്ത്രി തള്ളി. ഇല്ലാത്ത അധികാരമാണ് ഗവർണർ കാണിക്കുന്നത്. ഗവർണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ്. ജനാധിപത്യത്തെ ബഹുമാനിക്കുന്ന ആർക്കും അമിതമായ അധികാര നടപടി അംഗീകരിക്കാൻ കഴിയില്ല. സുപ്രീം കോടതി വിധിയുടെ മറവിലാണ് ഗവർണറുടെ നടപടി. ഗവർണ്ണർ സംഘപരിവാറിന്‍റെ ചട്ടുകമാകുന്നു. സർവകലാശാലകളോടുള്ള വിനാശകരമായ സമീപനം രാഷ്ട്രീയ പ്രേരിതമാണ്. നിയമനം യു.ജി.സി ചട്ടങ്ങളുടെ ലംഘനമാണെന്ന് പറയുമ്പോൾ ഗവർണർക്കാണ് പ്രാഥമിക ഉത്തരവാദിത്തം. കെ.ടി.യു വിധിന്യായത്തിൽ പുനഃപരിശോധനാ ഹർജിക്ക് ഇനിയും സാധ്യതയുണ്ട്. സർവകലാശാലയുടെ ഭരണത്തെ അസ്ഥിരപ്പെടുത്താനാണ് ഗവർണർ ശ്രമിക്കുന്നത്.

സാങ്കേതികതയിൽ തൂങ്ങിയാണ് ഗവർണറുടെ നടപടി. ഇല്ലാത്ത അധികാരം പ്രയോഗിക്കാൻ കഴിയുമെന്ന് കരുതരുത്.
സർവകലാശാലകൾ സ്റ്റാട്യൂട്ടറി പ്രകാരം പ്രവർത്തിക്കും. ഈ വിധി എല്ലാ വിസികൾക്കും ബാധകമാക്കാൻ കഴിയില്ല, ഗവർണറുടെ നടപടിക്ക് നിയമപരമായ സാധുതയില്ല. ചാൻസലർക്ക് വിസിയെ പിരിച്ചുവിടാൻ സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയില്ല.

ഓർഡിനൻസിൽ ഒപ്പിടാതെ തിരിച്ചയച്ച നടപടി അപലപനീയമാണ്. ഓർഡിനൻസുകളും ബില്ലുകളും ഒപ്പിടുന്നില്ല. പരസ്യമായി പ്രതിഷേധിക്കുന്നു. 11 ഓർഡിനൻസുകൾ കാലഹരണപ്പെട്ടു. ബില്ലുകളിൽ ഒപ്പിടാതെ ഇരിക്കുന്നത് സഭയോടുള്ള അവഹേളനമാണ്. മന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്ക് വിവേചനാധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.