ത്രിപുരയിൽ കുടുംബത്തിലെ 4 പേരെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് 17കാരൻ

അഗർത്തല: കുടുംബത്തിലെ നാലുപേരെ 17 വയസുകാരൻ കോടാലികൊണ്ട് വെട്ടിക്കൊന്നു. ത്രിപുരയിലെ ധലായ് ജില്ലയിലെ ഒറ്റപ്പെട്ട ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. മുത്തച്ഛൻ, അമ്മ, പ്രായപൂർത്തിയാകാത്ത സഹോദരി, ബന്ധു എന്നിവരെയാണ് കുട്ടി കൊലപ്പെടുത്തിയത്. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് കോടാലി ഉപയോഗിച്ച് കുട്ടി കൊലപാതകം നടത്തിയത്. ഇതിന് ശേഷം രക്ഷപ്പെട്ട കുട്ടിയെ ഞായറാഴ്ച പകൽ സമീപത്തെ മാർക്കറ്റിൽ നിന്നാണ് പിടികൂടിയത്.

കുട്ടിയുടെ അച്ഛൻ എത്തിയപ്പോഴാണ് വീട്ടിൽ മുഴുവൻ രക്തം കിടക്കുന്നത് കണ്ടത്. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അതേസമയം, കുട്ടി ടെലിവിഷന് അടിമയാണെന്നും കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന പരിപാടികൾ ആസ്വദിച്ചിരുന്നെന്നും അയൽവാസികൾ പൊലീസിനോട് പറഞ്ഞു. കുട്ടി സ്വന്തം വീട്ടിൽ നിന്ന് മോഷണം നടത്തിയതായും ധലായ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഡോ. രമേഷ് ചന്ദ്ര യാദവ് പറഞ്ഞു.

കൊലപാതകം നടന്ന സമയത്ത് ശബ്ദം കേൾക്കാതിരിക്കാൻ വീട്ടിൽ ഉച്ചത്തിൽ ഗാനം വച്ചിരുന്നുവെന്നും യാദവ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.