അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കും

അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് ഫിഫ വിലക്കേർപ്പെടുത്തിയിരുന്നതിനാൽ ലോകകപ്പ് നടത്തിപ്പവകാശം ഇന്ത്യക്ക് നഷ്ടമാകുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഫിഫ വിലക്ക് നീക്കിയതോടെ പ്രതിസന്ധി ഒഴിവായി.

ഒക്ടോബർ 11 മുതൽ 30 വരെ രാജ്യത്തെ മൂന്ന് വേദികളിലായാണ് ലോകകപ്പ് നടക്കുക. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം, ഗോവയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം, നവി മുംബൈയിലെ ഡോ. ഡിവൈ പാട്ടീൽ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ഇന്ത്യയടക്കം 16 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. ഒക്ടോബർ 11ന് സൂപ്പർ ടീമായ യുഎസ്എയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതാദ്യമായാണ് ഇന്ത്യ അണ്ടർ 17 ലോകകപ്പിൽ കളിക്കുന്നത്. ആതിഥേയരെന്ന നിലയിലാണ് ഇന്ത്യ ലോകകപ്പിന് യോഗ്യത നേടിയത്.