കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമോ ?; വീരശൈവ ലിംഗായത് വിഭാഗത്തിന്റെ നിലപാടില്‍ മാറ്റം

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടിയായി വീരശൈവ ലിംഗായത് വിഭാഗത്തിന്റെ നിലപാട് മാറ്റം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍ക്കാനുള്ള വീരശൈവ ലിംഗായത്തുകളുടെ തീരുമാനമാണ് ബിജെപിക്ക് തിരിച്ചടിയായത്. ഇതോടെ ബിജെപിയുടെ അധികാരത്തുടര്‍ച്ചയ്ക്ക് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പരമ്പരാഗതമായി ബിജെപിയെ പിന്തുണക്കുന്നവരായിരുന്നു വീരശൈവ ലിംഗായത് വിഭാഗം.

എന്നാല്‍ അടുത്തിടെ ബിജെപിയില്‍ നിന്നുണ്ടായ ചില പ്രധാനപ്പെട്ട കൊഴിഞ്ഞുപോക്കുകള്‍ വിഭാഗത്തിന് പാര്‍ട്ടിയോടുള്ള അടുപ്പം കുറച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരിക്കാന്‍ സീറ്റുകള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ലിംഗായത്ത് നേതാക്കളായ ജഗദീഷ് ഷട്ടര്‍, ലക്ഷ്മണ്‍ സാവഡി എന്നിവര്‍ പാര്‍ട്ടി വിട്ടിരുന്നു. ഇതോടെ വീരശൈവ ലിംഗായത്ത് വിഭാഗത്തിനുള്ളിലും നിലപാട് മാറ്റമുണ്ടായി. ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് വീരശൈവ ലിംഗായത് ഫോറം പരസ്യമായി ആവശ്യപ്പെട്ടു.

വീരശൈവ ലിംഗായത് വിഭാഗം കോണ്‍ഗ്രസിനോട് അടുക്കുന്നുവെന്ന സൂചനകള്‍ മുന്‍പേ ലഭിച്ചുതുടങ്ങിരിയിരുന്നു. വിഭാഗത്തിലെ പ്രധാനപ്പെട്ട നേതാക്കള്‍ കഴിഞ്ഞ ദിവസം തങ്ങളുടെ ആത്മീയാചാര്യനെ ചെന്നുകാണുകയും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തിരുന്നു. ഇവരോടൊപ്പം സംസ്ഥാനത്തെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളും ഉണ്ടായിരുന്നു. ബിജെപിയുമായി അകല്‍ച്ചയില്‍ നില്‍ക്കെ ജഗദീഷ് ഷെട്ടാറിനെ എന്ത് വില കൊടുത്തും തോല്‍പ്പിക്കുമെന്ന യെദിയൂരപ്പയുടെ പരാമര്‍ശവും വിഭാഗത്തില്‍ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു.