ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ശാരീരിക ക്ഷമതയിൽ മുന്നില്‍ വിരാട് കോഹ്ലി

ബെംഗളൂരു: ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) റിപ്പോർട്ട് പ്രകാരം, ബിസിസിഐയുമായി കരാർ ഒപ്പിട്ട 28 ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും മികച്ച ശാരീരികക്ഷമത പുലര്‍ത്തുന്ന താരമായി വിരാട് കോഹ്ലി. കഴിഞ്ഞ ഒരു വർഷത്തിനിടെ ബിസിസിഐയുമായി കരാർ ഒപ്പിട്ട 28 ഇന്ത്യൻ താരങ്ങളിൽ 23 പേരും പരിക്കോ ശാരീരികക്ഷമതക്കുറവോ കാരണം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്തിയിട്ടുണ്ടെങ്കിലും ഈ കാരണങ്ങളാൽ വിരാട് കോഹ്ലി അക്കാദമിയിലേക്ക് എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മാത്രമല്ല, പരിക്കോ ഫിറ്റ്നസോ ഇല്ലാത്തതിനാൽ കുറച്ച് മത്സരങ്ങൾ മാത്രം നഷ്ടമായ താരമാണ് കോഹ്ലിയെന്ന് ബിസിസിഐ സിഇഒ ഹേമാങ് ആമിൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. പരിക്കിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒരു ടെസ്റ്റ് മാത്രമാണ് കോഹ്ലിക്ക് നഷ്ടമായത്. ഇടക്കാലത്ത് ഫോം നഷ്ടമായെങ്കിലും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ഫിറ്റായ കളിക്കാരനാണ് കോഹ്ലി.