ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമോ? ഇന്ന് തീരുമാനം ആയേക്കും

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ട് മത്സരിക്കുമെന്ന് ഉറപ്പായതോടെ ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമായേക്കും. അശോക് ഗെഹ്ലോട്ടിന്‍റെ രാജി ഏറെക്കുറെ ഉറപ്പായതോടെ പുതിയ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിൽ കോൺഗ്രസിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം, രാജസ്ഥാനിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചതായി റിപ്പോർട്ടുകളുണ്ട്. രാജസ്ഥാന്‍റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമുണ്ടായേക്കും. ഹൈക്കമാൻഡ് പ്രതിനിധികളായി മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നതിനാൽ നിർണായക തീരുമാനമുണ്ടാകുമെന്ന് വ്യക്തമാണ്.

കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിഭാഗവും ഇപ്പോഴും ഗെഹ്ലോട്ടിനൊപ്പമാണെന്നതാണ് യാഥാർത്ഥ്യം. സ്പീക്കർ സി.പി ജോഷിയെ പകരക്കാരനാക്കാൻ ഗെഹ്ലോട്ടിന് താൽപ്പര്യമുണ്ട്. എന്നാൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ഗാന്ധി കുടുംബത്തിന് താൽപ്പര്യമെന്നാണ് വ്യക്തമാകുന്നത്. അതിനാൽ ഇന്നത്തെ യോഗം വളരെ നിർണായകമായിരിക്കും. അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന് പൈലറ്റ് തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സച്ചിൻ എംഎൽഎമാരെ കണ്ട് പിന്തുണ തേടിയിരുന്നു. സച്ചിൻ പൈലറ്റിനൊപ്പം നിൽക്കുമ്പോഴും ഗെഹ്ലോട്ടിനെ പിണക്കാതെയുള്ള പരിഹാരം കണ്ടെത്താനാകും ഗാന്ധി കുടുംബം ശ്രമിക്കുക.