വനിതാ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമി വിരമിക്കാനൊരുങ്ങുന്നു

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സെപ്റ്റംബർ 24ന് ലോർഡ്സിൽ അവസാന മത്സരം കളിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനമാണിത്. വെള്ളിയാഴ്ച ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ജുലനെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

ഏകദിന ലോകകപ്പിന് ശേഷം ജുലന് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിലും അവർ കളിച്ചിരുന്നില്ല. വനിതാ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമെന്ന വിശേഷണത്തോടെയാണ് ജുലൻ കരിയർ അവസാനിപ്പിക്കുന്നത്. ഇതുവരെ 352 വിക്കറ്റുകൾ ജുലൻ വീഴ്ത്തിയിട്ടുണ്ട്.

ബംഗാൾ സ്വദേശിയായ താരത്തിന് 39 വയസ്സുണ്ട്. ഏകദിനത്തിൽ 201 മത്സരങ്ങൾ കളിച്ച താരം 252 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 12 ടെസ്റ്റിൽ നിന്ന് 44 വിക്കറ്റും 68 ടി20യിൽ നിന്ന് 56 വിക്കറ്റും ജുലൻ നേടിയിട്ടുണ്ട്. 2022ൽ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.