എക്സ്ബിബി.1.5 വകഭേദം തീവ്രവ്യാപനശേഷിയുള്ളതെന്ന് ​ഗവേഷകരുടെ കണ്ടെത്തൽ

ചൈന: ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ് -19 പടരുന്നതിന് കാരണമാകുന്ന ബിഎഫ് 7 എന്ന പുതിയ വകഭേദത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിവേഗം പടരാൻ സാധ്യതയുള്ള ബിഎഫ് 7 ആശങ്കപ്പെടുത്തുന്ന വകഭേദമാണെന്നും വിദഗ്ധർ പറയുന്നു. എന്നാൽ ഇപ്പോൾ അതിനെ മറികടക്കുന്ന മറ്റൊരു വകഭേദം കൂടി വാർത്തകളിൽ നിറയുകയാണ്. യുഎസിലെ കോവിഡ് -19 വ്യാപനത്തിന്‍റെ പ്രധാന കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന എക്സ്ബിബി.1.5 വകഭേദമാണിത്.

സിഡിസിപിയുടെ കണക്കനുസരിച്ച്, അമേരിക്കയിലെ കോവിഡ് -19 കേസുകളിൽ 41 ശതമാനവും ഈ വകഭേദം മൂലമാണെന്നാണ് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. ഈ വകഭേദമുള്ള രോഗികളുടെ എണ്ണം ഓരോ ആഴ്ചയും ഇരട്ടിയാകുന്നതായും റിപ്പോർട്ടുകളുണ്ട്. നിരവധി തവണ മ്യൂട്ടേഷൻ ചെയ്ത ഈ വകഭേദം കഴിഞ്ഞ കുറച്ച് മാസങ്ങളായി ആരോഗ്യപ്രവർത്തകരും ഗവേഷകരും സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. പുയതി വകഭേദത്തിന് വാക്സിനുകളെയും ഒമിക്റോൺ ബൂസ്റ്ററിനെ പോലും അതിജീവിക്കാൻ കഴിവുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഓഗസ്റ്റ് ഒന്നിനാണ് ഇന്ത്യയിൽ ആദ്യമായി എക്സ്ബിബി റിപ്പോർട്ട് ചെയ്തത്. സിംഗപ്പൂരിലും ഈ വകഭേദം വ്യാപിച്ചു. തുടർന്ന് ഈ വകഭേദത്തിൽ നിന്ന് പരിവർത്തനം സംഭവിച്ചാണ് XBB.1-ഉം പിന്നീട് XBB.1.5- ഉം ഉണ്ടായത്. എക്സ്ബിബി പോലുള്ള വകഭേദങ്ങളുടെ ആവിർഭാവം കോവിഡ് -19 വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും വീണ്ടും വൈറസ് വ്യാപനത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് കൊളംബിയ സർവകലാശാലയിലെ ഗവേഷകർ ഈ മാസം ആദ്യം നടത്തിയ പഠനത്തിൽ പറയുന്നു.