ലാപ്ടോപ്പ് ചാർജിങ്ങിനിടെ തീപിടിത്തം; പയ്യന്നൂരിലെ വീട്ടിലെ ഫർണിച്ചറുകൾ കത്തിനശിച്ചു
പയ്യന്നൂർ: ലാപ്ടോപ്പ് ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ച് വീട്ടിലെ ഫർണിച്ചറുകളും മറ്റ് വസ്തുക്കളും കത്തിനശിച്ചു. പയ്യന്നൂർ ശാന്തിഗ്രാമത്തിലെ വി.പി. പ്രസന്നകുമാറിന്റെ ‘ഉഷസ്സ്’ വീട്ടിലാണ് വ്യാഴാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്.
സോഫാ സെറ്റിന് മുകളിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ലാപ്ടോപ്പ് അമിതമായി ചൂടായതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ലാപ്ടോപ്പ് ചാർജിങ്ങിന് വെച്ച് വീട് പൂട്ടി പുറത്തുപോയ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്.
തീപിടിത്തത്തിൽ ലാപ്ടോപ്പ്, സോഫാ സെറ്റ്, കസേരകൾ, വാച്ച്, ചുമരിൽ തൂക്കിയിരുന്ന ഫോട്ടോകൾ എന്നിവ കത്തിനശിച്ചു.
വിവരമറിഞ്ഞ് പയ്യന്നൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലെത്തിയ സേന തീയണച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.വി. ദയാൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജോബിമോൻ ജോർജ്, യു.കെ. ലിജീഷ്, ബി. കണ്ണൻ, ഹോം ഗാർഡുമാരായ മാത്യൂ ജോർജ്, വി.എൻ. രവീന്ദ്രൻ, എം.വി. ശ്രീകാന്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ സോഫ, കിടക്ക തുടങ്ങിയ തീപിടിക്കാൻ സാധ്യതയുള്ള പ്രതലങ്ങളിൽ വയ്ക്കരുതെന്ന് ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകി. ചാർജിങ്ങിനിടെ ഉപകരണങ്ങൾ അമിതമായി ചൂടാകുന്നില്ലെന്ന് ഉറപ്പാക്കണം. ഉപകരണങ്ങൾ ചാർജിങ്ങിന് വെച്ച് വീട് പൂട്ടി പുറത്തുപോകുന്നതും ഒഴിവാക്കണമെന്ന് നിർദേശിച്ചു.
