പിഞ്ചുകുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്ന് ബക്കറ്റില്‍ മുക്കിക്കൊന്നു
ആറ് വയസുകാരനെ അമ്മയും ആണ്‍സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പുണെയില്‍ ഖേഡ് സ്വദേശിയായ ബാസിരൻ മെഹബൂബ് (27) ആണ് അറസ്റ്റിലായത്.മകൻ ആവേസിനെ ആണ് ഇവർ ആണ്‍സുഹൃത്തുമായി ചേർന്ന് കൊലപ്പെടുത്തിയത്. പ്രണയബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയാണ് പ്രതികള്‍ ഇത്തരത്തില്‍ ഒരു കൊലപാതകം ചെയ്തത് എന്നാണ് വിവരം. യുവതിയുടെ സുഹൃത്ത് റാം വിനായക് കജേവാദ് നിലവില്‍ ഒളിവിലാണ്.
ബാസിരനും ഭർത്താവ് മഹ്ബൂബും ഒരുപാട് നാളായി വേര്പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഈ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 2 മക്കള്‍ അച്ഛനൊപ്പവും ആവേസ് അമ്മ ബാസിരനൊപ്പവുമാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ ആണ് യുവതി റാം വിനായകുമായി പ്രണയത്തിലായത്. ഈ ബന്ധത്തിന് മകൻ ഒരു തടസമാകും എന്ന് കരുതി ആണ് ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.ഏപ്രില്‍ 4ന് രാത്രി 11.30 ഓടെയാണ് കൊലപാതകം നടക്കുന്നത്.
വെള്ളം നിറഞ്ഞ ബക്കറ്റില്‍ കുഞ്ഞിന്റെ തല മുക്കി പിടിച്ച് ശ്വാസം മുട്ടിക്കുകയും പിന്നീട് മരണം ഉറപ്പാക്കാൻ കുഞ്ഞിന്റെ തല ചുമരില്‍ ഇടിപ്പിക്കുകയും ചെയ്തു. ഹൃദയാഘാതം മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് വരുത്തി തീർക്കാൻ ആയിരുന്നു ഇവരുടെ ശ്രമം. കുഞ്ഞിന്റെ സംസ്കാര ചടങ്ങുകള്‍ക്കായി അച്ഛൻ എത്തിയതോടെ ആണ് കൊലപാതക വിവരം പുറത്തറിയുന്നത്. കുഞ്ഞിന്റെ ശരീരത്തിലെ മുറിവിന്റെ പാടുകള്‍ കണ്ടതോടെ അദ്ദേഹം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തില്‍ ആണ് കുട്ടി ക്രൂരമായ മർദ്ദനത്തിന് ഇരയായെന്നും കൊലപാതകമാണെന്നും കണ്ടെത്തിയത്.
