കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് പരാതി: അന്വേഷണത്തിന് നിർദേശം നൽകി DMO
കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ വയോധിക മരിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ഡിഎംഒ. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. ചികിത്സാ പിഴവ് ഉണ്ടായെന്നും മരണവിവരം ഡോക്ടേഴ്സ് മറച്ചുവച്ചെന്നുമാണ് മരിച്ച ചെമ്പ്രകാനം സ്വദേശി മാധവിയുടെ ബന്ധുക്കളുടെ ആരോപണം. ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായി എന്നാണ് വിശദീകരണം.
അനസ്തേഷ്യ നൽകുമ്പോഴോ ശസ്ത്രക്രിയക്കിടയിലോ പിഴവ് സംഭവിച്ചോയെന്നാണ് കുടുംബത്തിന്റെ സംശയം. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലേക്ക് മാറ്റുമ്പോൾ ബി പി കുറഞ്ഞിരുന്നുവെന്നും ആശുപത്രി അധികൃതർ. സംഭവത്തിൽ ഡിഎംഒക്ക് റിപ്പോർട്ട് നൽകിയിരുന്നു.
