Latestകേരളം

മോഹൻലാലിന് ആശ്വാസം; വ്യക്തി അവകാശം ലംഘിച്ച ലിങ്കുകള്‍ നീക്കണം: ഹൈക്കോടതി

ദില്ലി: വ്യക്തി അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാല്‍ നല്‍കിയ ഹർജിയില്‍ നടപടിയുമായി ഡൽഹി ഹൈക്കോടതി.മോഹൻലാല്‍ സമർപ്പിച്ച ലിങ്കുകള്‍ നീക്കം ചെയ്യാൻ കോടതി നിർദേശം നല്‍കി. വ്യക്തി അവകാശം ലംഘിച്ച എല്ലാ വീഡിയോകളും നീക്കം ചെയ്യണമെന്നായിരുന്നു മോഹൻലാലിന്റെ ഹർജിയിലെ ആവശ്യം.

എഐ ഉപയോഗിച്ച്‌ ശബ്ദം ക്ലോണ്‍ ചെയ്യുന്നുവെന്നും ചിത്രങ്ങളും വീഡിയോകളും നിർമിച്ച്‌ പ്രചരിപ്പിക്കുന്നുവെന്നും ഇവയെല്ലാം തന്റെ അനുവാദമില്ലാതെ കൊമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും ഹർജിയില്‍ പരാമർശിച്ചിരുന്നു. മെറ്റയടക്കം സോഷ്യല്‍ മീഡിയ ഭീമൻമാരെ എതിർകക്ഷിയാക്കി കൊണ്ടാണ് നടൻ മോഹൻലാല്‍ ഹർജി നല്‍കിയത്. ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ജ്യോതിസിംഗാണ് കേസ് പരിഗണിച്ചത്. കേസില്‍ മോഹൻലാലിനായി അഭിഭാഷകരായ എം എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദു കലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവർ ഹാജരായി.