നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പിനെതിരെ പൊലീസ് കേസെടുത്തു.ഇൻസ്റ്റാ പേ’ എന്ന ആപ്പിനെതിരെയാണ് കേസ്. പണം തിരിച്ചടക്കാൻ നിതിനെ ഭീഷണിപ്പെടുത്തിയെന്നും ഏജൻസിയുടെ ആള്‍ക്കാർ നിതിനെ മാനസികമായി പീഡിപ്പിച്ചെന്നുമാണ് എഫ്‌ഐആർ. ലോണ്‍ ആപ്പിനെതിരെ ചക്കരക്കല്‍ പൊലീസ് സ്വമേധായ കേസെടുത്തു.
അതിനിടെ, നിതിൻ രാജിൻ്റെ മരണത്തില്‍ ആരോപണ വിധേയനായ ഡോ.കെ. റാമിനെ ഇന്നലെ കോളജ് പുറത്താക്കിയിരുന്നു. രക്ഷിതാക്കളുടെ യോഗത്തിലാണ് അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജ് മാനേജ്മെൻ്റ് ഇക്കാര്യം അറിയിച്ചത്. ഇയാളെ നേരത്തെ കോളജില്‍ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു നിതിന്‍ രാജ്.കോളജിലെ ഓറല്‍ പാത്തോളജി വിഭാഗം മേധാവിയാണ് ഡോ. കെ. റാം. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് റാമിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം,പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.
