Latestകേരളം

സ്വര്‍ണക്കള്ളന്‍’ എന്ന് മുഖ്യമന്ത്രിയുടെ ഫൊട്ടോയ്ക്ക് അടിക്കുറിപ്പ്; കണ്ണൂര്‍ സ്വദേശിയായ 19-കാരനെതിരെ കേസ്

കണ്ണുർ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വികലമായി പങ്കുവച്ചതിന് പത്തൊന്‍പതുകാരനെതിരെ പൊലീസ് കേസെടുത്തു.കണ്ണൂര്‍ പാച്ചപ്പൊയ്ക സ്വദേശിയായ അനുനന്ദിനെതിരെയാണ് കേസ്.

സിപിഎം പ്രവര്‍ത്തകന്‍റെ പരാതിയിലാണ് കേസ്. പ്രിയദര്‍ശിനി ഓലായിക്കര എന്ന പേജിലാണ് മുഖ്യമന്ത്രിയുടെ ചിത്രം വികലമായി പോസ്റ്റ് ചെയ്യുകയും അതിന് ‘സ്വര്‍ണം കള്ളന്‍’ എന്ന് അനുനന്ദ് അടിക്കുറിപ്പ് നല്‍കുകയും ചെയ്തത്.

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനും മനപ്പൂര്‍വം ലഹളയുണ്ടാക്കാനും സമൂഹമാധ്യമ പോസ്റ്റിലൂടെ ശ്രമിച്ചുവെന്നും പരാതിക്കാരനും സിപിഎം പ്രവര്‍ത്തകര്‍ക്കും മാനസിക വിഷമം ഉണ്ടാക്കുകയും പ്രകോപനപരമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നാണ് അനുനന്ദിനെതിരെയുള്ള എഫ്‌ഐആറില്‍പറയുന്നത്. പിണറായി സ്വദേശിയായ സുധീറാണ് പരാതിക്കാരന്‍.

കോണ്‍ഗ്രസ് അനുകൂല പോസ്റ്റുകളാണ് പ്രിയദര്‍ശിനി ഓലായിക്കരയെന്ന പേജില്‍ നിന്ന് പങ്കുവച്ചിരിക്കുന്നത്. ഓലായിക്കരയിലെ കോണ്‍ഗ്രസ് ഗ്രാമമെന്നും ഫിയര്‍ലെസ് എഗെയ്ന്‍സ്റ്റ് കോംപ്രമൈസ് എന്നുമാണ് പേജില്‍ ഡിസ്ക്രിപ്ഷനായി ചേര്‍ത്തിരിക്കുന്നത്.