കേരളം പദ്ധതിയുടെ ഭാഗമായി തുടരണം: പിഎം ശ്രീയില്‍ വീണ്ടും കത്തയച്ച് കേന്ദ്രം
തിരുവനന്തപുരം: പിഎം ശ്രീയില്‍ കേരളത്തിന് വീണ്ടും കത്തയച്ച് കേന്ദ്രം. കേരളം പദ്ധതിയുടെ ഭാഗമായി തുടരണം എന്നാണ് കത്തിലെ ആവശ്യം. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണാപത്രം ഒപ്പിട്ടതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉപസമിതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ താല്പര്യം സംരക്ഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണ് ഇത്.
പദ്ധതിയുമായി മുന്നോട്ട് തന്നെ പോകണമെന്നാണ് കത്തിലെ ആവശ്യം. മുന്‍ സര്‍ക്കാര്‍ പിഎം ശ്രീ ധാരണാ പത്രത്തില്‍ ഒപ്പിട്ടതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പദ്ധതി സംബന്ധിച്ച് ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പിന്നാലെയാണ് ഉപസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചത്. എന്നാല്‍ ഇനിയും ഒരു ഉപസമിതി കൂടി ചേരേണ്ടതുണ്ടെങ്കിയും അത് എപ്പോഴാണ് എന്ന കാര്യത്തില്‍ വ്യക്തത ഇല്ല.
