കോണ്‍സ്റ്റബിളിനെ കൊണ്ട് ‘വീട്ടുജോലികള്‍ ചെയ്യിച്ചു’; ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
ഭുവനേശ്വര്‍: പൊലീസ് കോണ്‍സ്റ്റബിളിനെ വീട്ടുജോലികള്‍ ചെയ്യിച്ചെന്ന ആരോപണത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍. ദയാല്‍ ഗംഗ്വര് എന്ന ഓഫീസറെയാണ് ആരോപണങ്ങളില്‍ നടന്ന അന്വേഷണത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്. അനധികൃതമായി കോണ്‍സ്റ്റബിളിനെ കൊണ്ട് ദയാല്‍ വീട്ടുപണികള്‍ ചെയ്യിച്ചിരുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി സസ്പെന്ഷന് ഉത്തരവില്‍ ഒപ്പുവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞമാസം ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട സൗമ്യ രഞ്ചന്‍ സെയിനെയാണ് ഇയാൾ ഉപദ്രവിച്ചിരുന്നതെന്നാണ് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്.
ദയാലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തങ്ങളുടെ മകന് സൗമ്യ രഞ്ചന്‍ സെയിന്‍ ശാരീരികമായും മാനസികമായും കടുത്ത പീഡനങ്ങളാണ് അനുഭവിച്ചതെന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. സൗമ്യ രഞ്ചന്‍ സെയിന്‍ മെയ് 7ന് നടന്ന ആള്‍ക്കൂട്ട ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈ കേസുമായി ഐപിഎസ് ഉദ്യോഗസ്ഥന് ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ദയാലിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണം നടത്തിയത്.
