Latestകേരളം

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ജൂണ്‍ 28ന് തന്നെ 5 വയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കുന്നുവെന്ന് ഉറപ്പുവരുത്താന്‍ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 28ന് രാവിലെ 8ന് തൈക്കാട് മാതൃ-ശിശു ആശുപത്രിയില്‍ നടക്കും.
സംസ്ഥാനത്ത് 5 വയസ്സിനു താഴെയുളള 19,80,224 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. ഇതിനായി 22,288 ബൂത്തുകള്‍ സജ്ജീകരിക്കും. തുള്ളിമരുന്ന് നല്‍കാന്‍ 46,663 സന്നദ്ധ പ്രവര്‍ത്തകരെ പരിശീലനം നല്‍കി നിയോഗിക്കും.

സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗരാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്‌കൂളുകള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ബൂത്തുകള്‍ ക്രമീകരിക്കും. പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക് ജൂണ്‍ 29, 30 തീയതികളില്‍ വീടുകളിലെത്തി വാക്സീന്‍ നല്‍കും.

സാധാരണ ബൂത്തുകള്‍ക്ക് പുറമേ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്സീന്‍ നല്‍കുന്നതിനു 539 ട്രാന്‍സിറ്റ് ബൂത്തുകള്‍, 283 മൊബൈല്‍ ബൂത്തുകള്‍, 9 ഉത്സവ / മേളകളിലെ ബൂത്തുകള്‍ എന്നിവയും ക്രമീകരിക്കും. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ഉത്സവ സ്ഥലങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ മരുന്ന് നല്‍കുന്നതിനാണ് മൊബൈല്‍ ബൂത്തുകള്‍.