തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരുടെ പോസ്റ്റൽ വോട്ട് അപേക്ഷ ഏപ്രിൽ രണ്ട് വരെ മാത്രമേ സ്വീകരിക്കൂ
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ പോസ്റ്റൽ വോട്ടിനുള്ള അപേക്ഷ ഏപ്രിൽ രണ്ട് വരെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് തപാലിൽ പോസ്റ്റൽ ബാലറ്റ് വരില്ല. ഫെസിലിറ്റേഷൻ സെന്ററിൽ ആയിരിക്കും അതിനുള്ള സൗകര്യം ഒരുക്കുക. മറ്റ് ജില്ലകളിൽ വോട്ടവകാശമുള്ള, ഇവിടെ പോളിംഗ് ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിന് അപേക്ഷിച്ച് ഡ്യൂട്ടിയിലുള്ള നിയമസഭാമണ്ഡലത്തിലുളള ഫെസിലിറ്റേഷൻ സെന്ററിൽ വോട്ട് ചെയ്യാം.
പരിശീലന കേന്ദ്രത്തിലോ വോട്ടവകാശമുള്ള നിയമസഭാ മണ്ഡലത്തിൻൈറ വരണാധികാരിക്കോ പോസ്റ്റൽ വോട്ടിനുള്ള അപേക്ഷ നൽകാം.
വോട്ട് ചെയ്യുന്നതിനുള്ള ഫെസിലിറ്റേഷൻ സെന്റർ (വിഎഫ്‌സി) ഒരുക്കുന്നത് ഇലക്ഷൻ ഡ്യൂട്ടിയുള്ള നിയമസഭാമണ്ഡലത്തിൽ ആയിരിക്കും. അവിടെ തന്നെ ആയിരിക്കും രണ്ടാംഘട്ട പരിശീലനകേന്ദ്രവും.
പോസ്റ്റൽ വോട്ട് അവകാശം വിനിയോഗിക്കുന്നതിന് വേണ്ടി ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്നത് ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെയാണ്. പോളിംഗ് ഡ്യൂട്ടിയിലുള്ള മൈക്രോ ഒബ്‌സർവർമാർ ഉൾപ്പടെയുള്ളവർക്ക് ഇവിടെ വോട്ട് ചെയ്യാം. മറ്റ് ഇലക്ഷൻ ഡ്യൂട്ടിയിൽ ഏർപ്പെട്ടവരായ വരണാധികാരികളുടെ ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, വീഡിയോഗ്രഫി ഡ്യൂട്ടിയുള്ളവർ എന്നിവർക്കും ഇവിടെ വോട്ട് ചെയ്യാവുന്നതാണ്.
തോട്ടട എസ് എൻ കോളജിൽ അഞ്ച് വിഎഫ്‌സി ഏപ്രിൽ ഒന്നു മുതൽ എട്ട് വരെ പ്രവർത്തിക്കും.
നിലവിൽ 12 ഡി ഫോമിൽ അപേക്ഷ സമർപ്പിച്ച എസൻഷ്യൽ സർവീസ് കാറ്റഗറിയിൽപെട്ട ജീവനക്കാർക്ക് മാർച്ച് 31 മുതൽ ഏപ്രിൽ ആറ് വരെ അവരവരുടെ നിയമസഭാമണ്ഡലത്തിൽ പോസ്റ്റൽ വോട്ടിംഗ് സെൻററിൽ (പിവിസി) വോട്ട് ചെയ്യാവുന്നതാണ്.
