പുന്നപ്രയില്‍ ഓട്ടോ പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം
അമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയിലെത്തിക്കാനുള്ള തിടുക്കത്തിനിടയില്‍ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു.പുന്നപ്ര പാലപ്പറമ്പ് വീട്ടില്‍ സോണിമോൻ-മിനിമോള്‍ ദമ്പതികളുടെ മകള്‍ സ്വാതി (22) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ പുന്നപ്ര അറവുകാട് കണ്ണമ്പള്ളി ജങ്ഷന് സമീപമാണ് അപകടം നടന്നത്.
മാതൃസഹോദരൻ അഭിലാഷിന് പെട്ടെന്നുണ്ടായ കഠിനമായ വയറുവേദനയെത്തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു സ്വാതിയും സംഘവും. യാത്രാമധ്യേ സൈഡ് റോഡില്‍ നിന്നും പെട്ടെന്ന് പഴയ നടക്കാവ് റോഡിലേക്ക് ഒരു ബൈക്ക് കയറിവന്നു. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി ഡ്രൈവർ ഓട്ടോ വെട്ടിച്ചുമാറ്റിയപ്പോള്‍ നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് കമ്പികളുമായി ഓട്ടോയ്ക്ക് മുകളിലേക്ക് വീണു. വൈദ്യുതി പ്രവാഹം നിലയ്ക്കാത്തതിനാല്‍ നാട്ടുകാർക്ക് ഉടൻ രക്ഷാപ്രവർത്തനം നടത്താനായില്ല. തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് സ്വാതിയെ പുറത്തെടുക്കാനായത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും രക്തം വാർന്ന് സ്വാതി മരണത്തിന് കീഴടങ്ങിയിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
