സംസ്ഥാനത്ത് മഴ ശക്തമാകും, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദ്ദം ശക്തിപ്രാപിക്കുന്നു; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വടക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍, ഒഡിഷ തീരത്തിനു സമീപം രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍, കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇതിനോടനുബന്ധിച്ച് ഇന്ന് ഒമ്ബത് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചനം. നാളെയും മറ്റന്നാളും തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയെയാണ് ശക്തമായ മഴ എന്ന് വ്യാഖ്യാനിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു
