Latestകേരളം

ശ്രീനന്ദയുടെ മരണം; കുടുംബത്തിന്റെ ആരോപണങ്ങള്‍ തള്ളി കര്‍ണാടക പൊലീസ്

കർണാടകയിലെ ചിക്കമഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മലയാളി പെണ്‍കുട്ടി ശ്രീനന്ദ മരിച്ച സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ തള്ളി കർണാടക പൊലീസ്.കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാകാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.

ശ്രീനന്ദയുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ സംശയകരമായ കണ്ടെത്തലുകളില്ലെന്നും പൊലീസ് വ്യക്തമാക്കി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിക്കിടെയാണ് പൊലീസിന്റെ ഈ വിശദീകരണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ശ്രീനന്ദ കാലുതെന്നി വീണതോ അല്ലെങ്കില്‍ സ്വമേധയാ ചാടിയതോ ആകാമെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെ സാഹചര്യങ്ങളും പരിശോധനകളും ഇതിന് പിന്തുണയാകുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. വിശദമായ പരിശോധനകളും തുടർ അന്വേഷണവും പുരോഗമിക്കുകയാണ് പൊലീസ്. അതേസമയം, ശ്രീനന്ദയുടെ മൃതദേഹം പാലക്കാടുള്ള ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. കർണാടക പൊലീസിന്റെ അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. നിരവധി പേർ ശ്രീനന്ദയെ അവസാനമായി കാണാനെത്തി.

കർണാടകത്തിലെ ചിക്കമഗളൂരുവില്‍ വിനോദസഞ്ചാരത്തിന് എത്തി കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്.