Latestകേരളം

തൃശ്ശൂരില്‍ ജനനേന്ദ്രിയത്തില്‍ സ്പാനര്‍ കുടുങ്ങിയ 45-കാരന് രക്ഷകരായി അഗ്നിരക്ഷാ സേന

തൃശൂർ.ജനനേന്ദ്രിയത്തില്‍ മെറ്റല്‍ സ്പാനറും ഇരുമ്പ് വളയവും കുടുങ്ങി അതീവ ഗുരുതരാവസ്ഥയിലായ 45-കാരന് രക്ഷകരായി വടക്കാഞ്ചേരി അഗ്നിരക്ഷാ സേന.

തൃശ്ശൂർ സർക്കാർ മെഡിക്കല്‍ കോളേജ് അധികൃതരുടെ അഭ്യർത്ഥന പ്രകാരം സ്ഥലത്തെത്തിയ സേനാംഗങ്ങള്‍, ഡോക്ടർമാരുമായി സഹകരിച്ച്‌ നടത്തിയ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്പാനർ മുറിച്ചുമാറ്റിയത്.

ബുധനാഴ്ച രാത്രിയാണ് പള്ളിപ്പുറം സ്വദേശിയായ പ്രഭാകരനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 22 സൈസ് മെറ്റല്‍ സ്പാനറും ഒരു ഇരുമ്പ് വളയവും ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു ഇയാള്‍. ഇതുമൂലം മൂത്രം പോകാത്ത അവസ്ഥയിലായിരുന്ന പ്രഭാകരൻ കടുത്ത വേദനയും അനുഭവിച്ചിരുന്നു.

ഡോക്ടർമാർക്ക് മാത്രം നീക്കം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്. അതീവ ജാഗ്രതയോടെ ഇലക്‌ട്രിക് കട്ടർ, ബോള്‍ട്ട് കട്ടർ എന്നിവ ഉപയോഗിച്ചാണ് സേനാംഗങ്ങള്‍ ലോഹഭാഗങ്ങള്‍ മുറിച്ചുമാറ്റിയത്.

ലോഹഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷം ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടർമാർക്ക് കൈമാറി.

വടക്കാഞ്ചേരി സ്റ്റേഷൻ ഓഫീസർ ടി.കെ. നിതീഷ്, സീനിയർ ഓഫീസർ ഷിന്റു, ഓഫീസർമാരായ കെ.എൻ. മുരളീധരൻ, ഷിബു, അഭിജിത്ത്, അഖില്‍ അജിത്ത്, അക്ഷയ് പുരുഷ്, സിവില്‍ ഡിഫൻസ് അംഗം രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്.