Latestകേരളം

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മൃതദേഹം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി.മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ഒരു ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ബാഗ് കണ്ടെത്തിയത്.

രാവിലെ പാർക്കിംഗ് ഏരിയയില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് സുരക്ഷാ ജീവനക്കാർ ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞാണെന്നും മരണശേഷം ഇവിടെ ഉപേക്ഷിച്ചതാകാമെന്നുമാണ് പ്രാഥമിക നിഗമനം.

ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയവരാകാം മൃതദേഹം ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുരക്ഷാ ക്രമീകരണങ്ങളുള്ള ഈ ഭാഗത്തേക്ക് ആശുപത്രിയുമായി ബന്ധമില്ലാത്തവർക്ക് പ്രവേശിക്കുക പ്രയാസകരമായതിനാലാണ് ഇത്തരമൊരു സംശയം ബലപ്പെടുന്നത്.