ഉംറ കർമം പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കവെ കൊച്ചി സ്വദേശിനി ജിദ്ദയിൽ അന്തരിച്ചു

ഉംറ തീർത്ഥാടനം കഴിഞ്ഞ് മക്കളോടൊപ്പം നാട്ടിലേക്ക് തിരിച്ച കൊച്ചി സ്വദേശിനി സൗദി അറേബ്യയിലെ ജിദ്ദ എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു. പാലാരിവട്ടം തമ്മനം കൊപ്പറമ്പിൽ പരേതനായ കെ ബി അലിയുടെ ഭാര്യ ഖദീജ (70) ആണ് മരിച്ചത്. വിമാനത്താവളത്തിലെത്തി മടക്കയാത്രയ്ക്കുള്ള നടപടികൾ പൂർത്തിയാക്കുന്നതിനിടയിലായിരുന്നു ആകസ്മികമായ വേർപാട്.
വിശുദ്ധ ഉംറ കർമങ്ങൾ പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ ഖദീജ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
നിലവിൽ ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സൗദിയിലെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
