Latestകേരളം

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ സര്‍വീസ് പ്രഖ്യാപിച്ച്‌ റെയില്‍വേ മന്ത്രി; നിരക്കുകള്‍ ഇങ്ങനെ

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്‍റെ ആദ്യ റൂട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.ഗുവാഹത്തി – കൊല്‍ക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക.

വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും ഇന്ന് നടന്ന വാർത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. ദീർഘദൂര യാത്രക്കാർക്കും രാത്രിയാത്ര ഇഷ്ടപ്പെടുന്നവർക്കും ലോകോത്തര സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതാണ് ഈ പുതിയ ട്രെയിൻ.

പ്രധാന സവിശേഷതകള്‍

കോട്ട-നാഗ്ദ സെക്ഷനില്‍ നടന്ന ഹൈ സ്പീഡ് ട്രയലില്‍ മണിക്കൂറില്‍ 180 കി.മീ വേഗത കൈവരിച്ചാണ് ഈ ട്രെയിൻ പരീക്ഷണം പൂർത്തിയാക്കിയത്. ആകെ 16 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഇതില്‍ 11 ത്രീ-ടയർ എസി കോച്ചുകള്‍ (611 സീറ്റുകള്‍), 4 ടൂ-ടയർ എസി കോച്ചുകള്‍ (188 സീറ്റുകള്‍), ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച്‌ (24 സീറ്റുകള്‍) എന്നിവയുണ്ടാകും. ആകെ യാത്രാശേഷി 823 ആണ്.

യാത്രാ നിരക്ക് (ഭക്ഷണം ഉള്‍പ്പെടെ):

ത്രീ-ടയർ എസി: ഏകദേശം 2,300 രൂപ

ടൂ-ടയർ എസി: ഏകദേശം 3,000 രൂപ

ഫസ്റ്റ് ക്ലാസ് എസി: ഏകദേശം 3,600 രൂപ

യാത്രക്കാർക്കുള്ള ആധുനിക സൗകര്യങ്ങള്‍

ബെര്‍ത്തുകളുടെ കുഷ്യൻ സൗകര്യം വർദ്ധിപ്പിക്കുകയും ശബ്‍ദമലിനീകരണം കുറയ്ക്കാനുള്ള ആധുനിക സസ്പെൻഷൻ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന ‘കവച്’ (Kavach) സാങ്കേതികവിദ്യയും അടിയന്തര സാഹചര്യങ്ങളില്‍ ഡ്രൈവറുമായി സംസാരിക്കാൻ ‘ടോക്ക് ബാക്ക്’ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കോച്ചുകളില്‍ അണുനശീകരണത്തിനുള്ള അത്യാധുനിക സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓട്ടോമാറ്റിക് ഡോറുകള്‍, വിശാലമായ ഉള്‍വശം, വായുസഞ്ചാരമുള്ള ഇന്റീരിയർ, എയറോഡൈനാമിക് ഡിസൈൻ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ബിസിനസ്സ് യാത്രക്കാർക്കും വിനോദസഞ്ചാരികള്‍ക്കും വിദ്യാർത്ഥികള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന ഈ സർവീസ് രാത്രികാല യാത്രകളില്‍ പുതിയൊരു മാറ്റം കൊണ്ടുവരുമെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി.