സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടും
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കാലാവസ്ഥ വിദഗ്ധർ. അഞ്ച് ദിവസത്തേക്ക് ഒരു ജില്ലകളിലും മഴ സാധ്യത പ്രവചിച്ചിട്ടില്ല.രാത്രി, പുലർച്ചെ തണുപ്പും പകല്‍ പൊള്ളുന്ന ചൂടുമാണ് നിലവിലെ സ്ഥിതി. താപനിലയിലും വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ താപനില സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നനിലയില്‍ അനുഭവപ്പെട്ടിരുന്നു.
മുമ്പ് വേനല്‍ക്കാലത്ത് മാത്രം നേരിട്ടിരുന്ന കഠിനമായ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പല ജില്ലകളിലും ശരാശരിയെക്കാള്‍ 4 ഡിഗ്രി വരെ അധികം ചൂട് രേഖപ്പെടുത്തി. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയാണ് ഈമാസം 2ന് കണ്ണൂർ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ 37 ഡിഗ്രി സെല്‍ഷ്യസ്.
വായുവിലെ ഉയർന്ന ഈർപ്പമാണ് ചൂട് കഠിനമാകാൻ കാരണം. ഉയർന്ന ഈർപ്പം ചൂട് യഥാർഥ താപനിലയെക്കാള്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നിരിക്കാൻ കാരണമാകുന്നു. വരും മാസങ്ങളിലും കഠിനമായ ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍.
സമുദ്രജലത്തിലെ താപനില ഉയർത്തുന്ന ‘എല്‍ നിനോ’ പ്രതിഭാസമാണ് കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥയ്ക്ക് കാരണം. കടല്‍ക്കാറ്റിന്റെ ശക്തി കുറഞ്ഞത് തീരദേശ മേഖലകളിലും കനത്ത ചൂട് അനുഭവപ്പെടാൻ കാരണമായിട്ടുണ്ട്.
