Latestകേരളം

സുരേഷ്‌ഗോപിക്ക് തിരിച്ചടി, ലോക്‌സഭാ തെരഞ്ഞെടുപ്പിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിചാരണ നേരിടണം

തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണം എന്ന ആവശ്യപ്പെട്ട് നല്‍കിയിട്ടുള്ള ഹര്‍ജി പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് സുരേഷ്‌ഗോപി നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി.ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ സുരേഷ്‌ഗോപി വിചാരണ നേരിടണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്നും ബിജെപി ആദ്യമായി ലോക്‌സഭയില്‍ എത്തിയ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനെതിരേ സിപിഐഎം നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.

സിപിഐഎം സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ച കോടതി സുരേഷ്‌ഗോപി വിചാരണ നേരിടണമെന്നും പറഞ്ഞു. ഈ ഹര്‍ജി അനാവശ്യമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സുരേഷ്‌ഗോപി ഉപഹര്‍ജി നല്‍കിയത്.

സുരേഷ്‌ഗോപി പ്രചരണവേളയില്‍ മതചിഹ്നം ഉപയോഗിക്കും മതവികാരം ഇളക്കിവിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണം. ചിത്രങ്ങളും ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു.

ഹര്‍ജി നിലനില്‍ക്കുമെന്നും സുരേഷ്‌ഗോപി വിചാരണ നേരിടണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കോടതിവിധി എതിരായാല്‍ സുരേഷ്‌ഗോപിയുടെ ലോക്‌സഭാംഗത്വം വരെ റദ്ദാകുന്ന സാഹചര്യം ഉണ്ടാകും.