Latestകേരളം

വെന്തുരുകി കേരളം; ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ റെക്കോര്‍ഡ് ചൂട്

സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ റെക്കോര്‍ഡ് ചൂട്. പാലക്കാട് ജില്ലയിലാണ് ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 40.1°C താപനില ആണ് ഇന്നലെ ജില്ലയില്‍ രേഖപ്പെടുത്തിയത്. സാധാരണയേക്കാള്‍ 3.4 °C താപനില ആണിത്. കൊല്ലം ജില്ലയിലെ പുനലൂരിലും റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തുന്നത്. പുനലൂരില്‍ ഇന്നലെ രേഖപെടുത്തിയത് 39.8°C താപനിലയായിരുന്നു അനുഭവപ്പെട്ടത്. ചൂട് കൂടിയതോടെ 12 ജില്ലകളില്‍ ഇന്ന് താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്നും പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പകല്‍ 10 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, ആല്‍ബനിസം അവസ്ഥയുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം