Latestദേശീയം

ഗർഭിണിയായ യുവതിയെ ഭർതൃ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ സഹാറൻപൂരില്‍ ഗർഭിണിയായ യുവതിയെ ഭർതൃ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി.ലഹരിക്ക് അടിമപ്പെട്ട പ്രതി തന്റെ സഹോദരഭാര്യയെ മഴു ഉപയോഗിച്ച്‌ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. അഞ്ചുമാസം ഗർഭിണിയായിരുന്ന സന (24) എന്ന യുവതിയാണ് ഈ ക്രൂരതക്ക് ഇരയായത്. നനൗട്ട മേഖലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.

കൊലപാതകത്തിന് ശേഷം പ്രതിയായ ആമിർ നടത്തിയ പ്രവൃത്തികള്‍ പരിഭ്രാന്തി ഉളവാക്കുന്നതായിരുന്നു. ചോര പുരണ്ട മഴുവും കൈയിലേന്തി ഏകദേശം ഒരു മണിക്കൂറോളം സനയുടെ മൃതദേഹത്തിന് സമീപം അയാള്‍ നിലയുറപ്പിച്ചു. തടയാൻ ശ്രമിക്കുന്നവരെയെല്ലാം ആക്രമിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു കയ്യില്‍ മഴുവും മറുകയ്യില്‍ പാചകവാതക സിലിണ്ടറിന്റെ പൈപ്പുമായി വീടിന് തീയിടുമെന്ന ഭീഷണി മുഴക്കിയ പ്രതിയെ നാട്ടുകാരും പൊലീസും ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്. നിസാർ ഖാൻ എന്ന പ്രദേശവാസിയുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ഈ ക്രൂരകൃത്യത്തിന് പിന്നില്‍ വലിയൊരു ഗൂഢാലോചനയുണ്ടെന്നാണ് സനയുടെ കുടുംബം ആരോപിക്കുന്നത്. ആമിർ ഒരു മദ്യപാനിയാണെന്നും മദ്യലഹരിയിലാണ് ഇത് ചെയ്തതെന്നും പൊലീസ് പറയുന്നുണ്ടെങ്കിലും, സനയുടെ ഭർത്താവും വീട്ടുകാരും ചേർന്നൊരുക്കിയ ആസൂത്രിതമായ കൊലപാതകമാണിതെന്ന് യുവതിയുടെ പിതാവ് ആസിഫ് ആരോപിച്ചു. സംഭവത്തിന് തൊട്ടുമുമ്പ് ഭർത്താവിന്റെ അമ്മയും സഹോദരിയും വീട്ടില്‍ നിന്ന് മാറിനിന്നതും, ഭർത്താവ് സല്‍മാൻ പൊലീസ് സ്റ്റേഷനില്‍ പോയ സമയത്ത് തന്നെ ഈ അക്രമം നടന്നതും സംശയങ്ങള്‍ വർദ്ധിപ്പിക്കുന്നു. സല്‍മാന്റെ ഇന്റർ-കമ്മ്യൂണിറ്റി വിവാഹത്തോടുള്ള എതിർപ്പാണ് ആമിറിനെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.